ajmanകോട്ടയം: യു.എ.ഇ യിലെ അജ്മാനില്‍ സുഹൃത്തുക്കളുമൊത്ത് ബീച്ചില്‍പോയ യുവാവ് കടല്‍ത്തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു.  കുറുമള്ളൂര്‍ പുളിനില്‍ക്കുംകാലായില്‍ മോഹനന്റെ മകന്‍ കിരണ്‍ (21) ആണ് ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ( ഇന്ത്യന്‍ സമയം രാത്രി 8.30ന്)  അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി യു.എ.ഇ യില്‍ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു.  പ്രവാസജീവിതത്തിലെ ആദ്യഅവധി ആഘോഷിക്കാന്‍ അടുത്തമാസം  നാട്ടില്‍ വരാനിരിക്കെയാണ് തിരമാലകളുടെ രൂപത്തില്‍ ദുരന്തമെത്തിയത്. മലയാളികളുള്‍പ്പടെ നാലു സുഹൃത്തുക്കളുമായി ബീച്ച് സന്ദര്‍ശിക്കാന്‍ പോയ കിരണിനെ കൂറ്റന്‍തിരമാലകള്‍ കവര്‍ന്നെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരുയുവാവും തിരയില്‍പ്പെട്ടെങ്കിലും നീന്തിരക്ഷപ്പെട്ടു. അപകടം നടന്ന് മിനിട്ടുകള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്തി കിരണിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടുത്തയാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.സാമ്പത്തീക പരാധീനത ഏറെയുള്ള കുടുംബത്തിലെ മൂത്തമകനാണ് കിരണ്‍. ഇരുമ്പു പണിക്കാരനായ പിതാവിന്റെ വരുമാനം കൊണ്ട് കുടുംബംപുലര്‍ത്താനും ഹയര്‍സെക്കന്ററിയിലും പത്താംക്ലാസിലും പഠിക്കുന്ന ഇളയകുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം നടത്താന്‍ പറ്റുമായിരുന്നില്ല.  അതിനിടെ ജോലിക്കിടെ കാലില്‍ മുറിവേറ്റ മോഹനന്‍ കഴിഞ്ഞ കുറേ നാളുകളായി കിടപ്പിലുമാണ്.  12 സെന്റ് സ്ഥലവും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വീടും മാത്രമാണ് ഇവരുടെ സമ്പാദ്യം. കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ തീര്‍ക്കാനാണ് ഐ.ടി.ഐ പാസായ കിരണ്‍ യു.എ.ഇ യിലേക്ക് പറന്നത്.
വിദേശത്തേക്ക്  തൊഴില്‍തേടിപോകാന്‍ നാട്ടുകാരില്‍ നിന്ന് വാങ്ങിയകടം തീര്‍ത്ത് സ്വസ്ഥനായി വരുന്നതേയുണ്ടായിരുന്നുള്ളു. അതിനിടെയാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും കടലെടുത്തത്. യു.എ.ഇ യിലെ റംസാന്‍ അവധികാരണമാണ് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെ ഔദ്യോഗീക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാന്‍ കാലതാമസമുണ്ടായതെന്നും  തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നാണ്  മലയാളിയായ കമ്പനി മാനേജര്‍ അറിയിച്ചിരിക്കുന്നത്.  മാതാവ്:  രാധാമണി. സഹോദരങ്ങള്‍: അരുണ്‍, അപര്‍ണ്ണ.

No comments yet... Be the first to leave a reply!

Leave a Reply