nriദോഹ: ഈദുല്‍ ഫിത്ര്‍ ആഘോഷിക്കാന്‍ ഖത്തറിലെ പ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ ഇത്തവണ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കാലയളവില്‍ നാട്ടിലേക്കയച്ച പണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല്‍പതു ശതമാനം വര്‍ധനവാണുണ്ടായത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും നാട്ടിലുള്ളവരുടെ നോമ്പും പെരുന്നാളും അല്ലലില്ലാതെ കഴിക്കാന്‍ ഖത്തറിലെ പ്രവാസി മലയാളികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയതായാണ് കണക്കുകള്‍. ഇതിന്റെ  ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുഴുവന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ക്കു മുന്നിലും തിരക്കാണ് അനുഭവപ്പെട്ടത്.
നാട്ടിലേക്ക് പണമയക്കുന്നതില്‍ 35 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയക്കുന്ന റമദാനില്‍ ഇത്തവണ പണത്തിന്റെ  ഒഴുക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തൊഴില്‍ മേഖലയില്‍ സമീപകാലത്തനുഭവപ്പെട്ട അനിശ്ചിതത്വമോ ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയോ പ്രവാസി കുടുംബങ്ങളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പിച്ചിട്ടില്ല.
റമദാനിലെ അവസാനത്തെ പത്തിലാണ് ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കെത്തിയത്. സക്കാത്ത് വിഹിതവും പെരുന്നാള്‍ ചിലവുകളും കണക്കിലെടുത്ത്  ഈ ദിവസങ്ങളില്‍  പരമാവധി തുക നാട്ടിലേക്കെത്തിയത്. വിദേശ കറന്‍സികള്‍ക്കും പതിവിനു വിപരീതമായി ഇത്തവണ കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നു.
സ്‌കൂള്‍ അവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ചമെത്തിയതോടെ കുടുംബ സമേതം നാട്ടിലേക്കു പോകാനൊരുങ്ങിയവരാണ് വിദേശ കറന്‍സിയുടെ ഡിമാന്റ് വര്‍ധിപ്പിച്ചത്.

No comments yet... Be the first to leave a reply!

Leave a Reply