ഒമാന്‍െറ പൂന്തോപ്പായ സലാലയിലേക്ക് പച്ചപ്പിന്‍െറ കുളിര്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു പുറമെ ഖത്തര്‍, യു.എ.ഇ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സലാലയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനായി എത്തുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വു പകരുമെന്നും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് വരാന്‍ ഇതു കാരണമാകുമെന്നും ടൂറിസം മന്ത്രി അഹ്മദ് ബിന്‍ അല്‍ മഹ്രിസി പറഞ്ഞു.

Salalah

സലാല ടൂറിസം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിനോദ കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി വര്‍ഷം മുഴുവനും ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് വിശമ്രത്തിനും വിനോദത്തിനും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും എത്താവുന്ന കേന്ദ്രമായി സലാല മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയാട്ടയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടായതായി വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയ ഔദ്യാഗിക രേഖയില്‍ പറയുന്നു.
സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് സലാലയിലേക്ക് കുടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. മേയ് 23 മുതല്‍ ദുബൈയിലെ ബജറ്റ് എയര്‍ലൈനായ ഫൈ്ള ദുബൈ ആഴ്ചയില്‍ നാലു സര്‍വീസുകള്‍ അധികമായി നടത്തും. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ ആറു സര്‍വീസുകളാണ് വര്‍ധിപ്പിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് നാലു സര്‍വീസുകള്‍ നടത്തും. ഇതോടെ ആഴ്ചയില്‍ 1600 യാത്രക്കാര്‍ക്ക് അധികമായി വിമാന മാര്‍ഗം സലാലയിലെത്താനാവും.
മസ്കത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദുബൈ, ദോഹ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനം വരുന്നതോടെ സലാല രാജ്യത്തിന്‍െറ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.
ഇതിനു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സുമായി സഹകരിച്ച് സലാലയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി വിനോദയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡെസ്റ്റിനേഷന്‍ സലാല കാമ്പയിന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ സലാലയില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മാധ്യമ ഉച്ചകോടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വീഡനില്‍ നിന്നാണ് സലാലയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നതെന്നാണ് വിനോദ സഞ്ചാര വകുപ്പ് പറയുന്നത്. കൂടുതല്‍ വിദേശികളെത്തുന്നതോടെ അവരെ ഉള്‍ക്കൊള്ളുന്നതിന് പുതിയ റിസോര്‍ട്ടുകളും ഹോട്ടലുകളും പണികഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്.

No comments yet... Be the first to leave a reply!

Leave a Reply