nazeerറിയാദ്: സൗദിഅറേബ്യയില്‍ അജ്ഞാതരുടെ വെടിയേറ്റു മലയാളി മരിച്ചു. ആലംകോട് ചെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (40) ആണു റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‌ലാജിലെ തന്റെ ഭക്ഷണശാലയില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ സൗദി സമയം 12.30 യോടെയാണ് സംഭവം. റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ലൈലാ അഫിലാജില്‍ നസീര്‍ നടത്തിവരുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സൗദി സ്വദേശികളായ നാലംഗ സംഘം പണം നല്‍കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൈയേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍, പണം നല്‍കി മടങ്ങിയ സംഘം അര മണിക്കൂറിനകം തോക്കുമായി തിരിച്ചെത്തി നസീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന ആലംകോട് സ്വദേശികളായ നജീബ്, ഷെമീം, ആസിഫ് എന്നീ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ ദൃശ്യമായിരുന്നു. അതനുസരിച്ചാണ് സൗദി സ്വദേശികള്‍ക്കെതിരെ പൊലീസ് കേസെടുത്തതെന്നും പ്രതികള്‍ പിടിയിലായതെന്നും സൂചനയുണ്ട്. സൗദി പൊലീസ് നടപടി സ്വീകരിച്ചതായും ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതായും ബന്ധുക്കള്‍ പറയുന്നു. പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീബിയുടെയും മകനാണ്. സീനയാണ് ഭാര്യ. മുഹമ്മദ് ആഷിക്, നസ്‌റ നസീര്‍, നസറി എന്നിവര്‍ മക്കള്‍. കബറടക്കം സൗദിയില്‍.
25 വര്‍ഷമായി ഗള്‍ഫില്‍ ജോലി നോക്കുന്ന നസീര്‍ സ്വന്തമായി ഹോട്ടല്‍ തുടങ്ങി പച്ച പിടിച്ചു വരുകയായിരുന്നു. നാട്ടില്‍ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്വന്തമായി വീടു വയ്ക്കുകയെന്ന മോഹത്തോടെ കഠിനാദ്ധ്വാനം ചെയ്ത് പണം സ്വരുക്കൂട്ടുന്നതിനിടയിലാണ് ദാരുണ അന്ത്യം. ഏഴ് മാസം മുമ്പാണ് നസീര്‍ നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം സൗദിയില്‍ തന്നെ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments yet... Be the first to leave a reply!

Leave a Reply