യു.എ.ഇയില്‍ സ്വകാര്യ മേഖലക്ക് പുറമെ സര്‍ക്കാര്‍ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന് നടപടികള്‍ സ്വീകരിക്കുന്നതായി ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലെ ദേശീയ പുന:സംഘടന സമിതി അധ്യക്ഷന്‍ ഹമദ് അല്‍റഹൂമി പറഞ്ഞു. ഫെഡറല്‍ സ്ഥാപനങ്ങളിലെ ഒഴിവ് ഉടന്‍ അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


‘ഓരോ ദിവസവും രാജ്യത്ത് അഭ്യസ്തവിദ്യരായ സ്വദേശികള്‍ വര്‍ധിക്കുകയാണ്. ഇവര്‍ക്കെല്ലാം ജോലി ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. അതേസമയം, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച് യഥാസമയം വിവരം ലഭിക്കാത്തത് വലിയ പ്രശ്നമാണ്. ഒഴിവുകള്‍ അറിയാത്തതിനാല്‍ വ്യക്തമായ സ്ഥിതിവിവരങ്ങള്‍ തയാറാക്കാനും യോഗ്യരായ സ്വദേശികളെ ഈ ജോലിക്ക് നിയമിക്കാനും സാധിക്കുന്നില്ല. മാത്രമല്ല, കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പല സ്ഥാപനങ്ങളും വീഴ്ചവരുത്തുന്നു’-അല്‍റഹൂമി പറഞ്ഞു.
ഈ സാഹചര്യത്തില്‍, ഫെഡറല്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച് യഥാസമയം വിവരങ്ങള്‍ ലഭിക്കാന്‍ പുതിയ സംവിധാനം ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഒഴിവുകള്‍ അതാത് സമയം അറിയുന്ന സംവിധാനമാണ് നടപ്പാക്കുക. ഓരോ സ്ഥാപനത്തിലും എത്ര ജീവനക്കാരുണ്ട്, എത്ര ശതമാനം സ്വദേശിവത്കരണം നടപ്പാക്കി എന്നീ കാര്യങ്ങളും ഇതിലൂടെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ ഇപ്പോള്‍ രണ്ടു വഴിയാണുള്ളതെന്ന് അല്‍റഹൂമി വ്യക്തമാക്കി. ആദ്യത്തേത് ഓരോ ഒഴിവും വരുന്നതിനനുസരിച്ച് ഉടന്‍ യോഗ്യതയുള്ള സ്വദേശികളെ നിയമിക്കുകയാണ്. രണ്ടാമത്തേത്, വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുക. ഘട്ടംഘട്ടമായി വിദേശികളെ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പല സ്ഥാപനങ്ങളിലും നിയമനം ലഭിക്കുന്ന സ്വദേശികള്‍ക്ക് വേണ്ടത്ര പരിചയമില്ലെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അഡ്മിനിസ്ട്രേഷന്‍, അക്കൗണ്ടിങ്, സെക്രട്ടേറിയല്‍ തുടങ്ങിയ ജോലികള്‍ക്ക് അര്‍ഹരായ അനേകം പേരുണ്ട്. എന്നാല്‍, ഇതില്‍ പലരും വര്‍ഷങ്ങളായി ജോലി കിട്ടാതെ വീട്ടിലിരിക്കുന്ന അവസ്ഥയാണ്. മറുഭാഗത്ത്, ഇതേ ജോലിക്ക് ദിവസവും അനേകം വിദേശികള്‍ രാജ്യത്തേക്ക് എത്തുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് പെട്ടെന്ന് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍, അവര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കണം’-അദ്ദേഹം പറഞ്ഞു.
ഏതാണ്ട് 20,400 സ്വദേശികളാണ് ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ലക്ഷത്തിലേറെ പേരുണ്ട്. സ്വദേശികളില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ ജോലിയാണ് ഇഷ്ടപ്പെടുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജോലിക്ക് 30,000ത്തിലേറെ സ്വദേശികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു. 2020 ആകുമ്പോഴേക്കും ഒന്നര ലക്ഷം പേര്‍ കൂടി രാജ്യത്തെ തൊഴില്‍ വിപണിയിലെത്തും. 2030 ആകുമ്പോഴേക്കും രണ്ടു ലക്ഷം പേരെ കൂടി പ്രതീക്ഷിക്കുന്നു.

 

No comments yet... Be the first to leave a reply!

Leave a Reply