vinod kovoorദോഹ: കുടുംബ പ്രേക്ഷകര്‍ക്ക് ധാര്‍മികതയുടെ സന്ദേശം നല്‍കുന്നതായിരിക്കണം സീരിയലുകളെന്നു സിനിമ,സീരിയല്‍ താരം വിനോദ്‌കോവൂര്‍. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പെടുത്തേണ്ടസമയം അതിക്രമിച്ചിരിക്കുന്നെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വിനോദ്‌കോവൂര്‍പ്രതികരിച്ചു. നാടക പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അഭിനയ ജീവിതത്തിന് തിളക്കം കൂട്ടാന്‍ മുഖ്യ പങ്ക് വഹിച്ചുവെന്നും പ്രശസ്ത സിനിമാ ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി എന്നിവര്‍ എഫ് സി സി ഖത്തര്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. മീഡിയാവണ്‍ എം80 മൂസയിലെ മൂസ, പാത്തു എന്നീ കഥാ പാത്രങ്ങളാണ് തങ്ങളെ ജനപ്രിയരാക്കിയത് .രണ്ടു വര്‍ഷത്തിനിടെ ഗള്‍ഫുനാടുകളില്‍ 37 സ്‌റ്റേജ് പരിപാടികളാണ് വിനോദ് കോവൂരും സുരഭിയും അവതരിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും എം80 മൂസ യിലെ കഥാപാത്രങ്ങളെ സ്‌റ്റേജിലവതരിപ്പിക്കുകയായിരുന്നു.

ഖത്തറില്‍ മാത്രം ഇതിനകം നാലു ,സ്‌റ്റേജ് ഷോകള്‍ അവതരിപ്പിച്ച ഇവര്‍ സൗദിഅറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ്‌നാടുകളിലും രംഗാവിഷ്‌കാരങ്ങളുമായെത്തി. നാട്ടിലെ പ്രേക്ഷകരോടൊപ്പം ഗള്‍ഫ് പ്രവാസികളും തങ്ങള്‍ക്ക് പ്രചോദനമായെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. കേരളത്തിന്റെ പരിഛേദമായ ഗള്‍ഫ്പ്രവാസികളില്‍ എല്ലാ ജില്ലക്കാരും എം80 മൂസയെ ഏറ്റെടുത്തതായാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് . മംവാക് ദോഹയില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ പിറവി ആഘോഷത്തില്‍ പങ്കെടുക്കാനായാണ് ഇരുവരും ദോഹയിലെത്തിയത്. നാടകരംഗത്ത് നിന്ന് ടെലിവിഷന്‍ പരിപാടികളിലും പിന്നീട് സിനിമയിലുമെത്തിയ ഇരു താരങ്ങള്‍ക്കും എം80 മൂസ യിലെ വേഷങ്ങള്‍ വഴിത്തിരിവായതായും ഗള്‍ഫ് പ്രവാസികളുടെ പിന്തുണ പ്രചോദമായതായും ഇരുവരും പറഞ്ഞു . എഫ്.സി.സി നല്‍കിയ സ്വീകരണത്തില്‍ എന്‍. കെ മുഹിയുദ്ദീന്‍, സൗദ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ഉപഹാരം നല്‍കി. എഫ്.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ റഫീഖ് മേച്ചേരി, ഷബാന ശാഫി, അബ്ദുല്‍ ഗഫൂര്‍ എ. ആര്‍, ജസീം അബ്ദുല്‍ ജബ്ബാര്‍, ശംസുദ്ദീന്‍ എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.

No comments yet... Be the first to leave a reply!

Leave a Reply