malayalee-death soudiദമാം: സൗദി അറേബ്യയിലെ ജുബൈലില്‍ കൊല്ലപ്പെട്ട മലയാളിയുടെ കൊലയാളികള്‍ പിടിയിലായി. രണ്ട് ഇന്ത്യക്കാരും, രണ്ട് സൗദികളുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം കോഴിക്കോട് കൊടുവളളി മണിപുരം ചുളളിയാട്ട് പൊയില്‍ വീട്ടില്‍ വേലാട്ടുകുഴിയില്‍ സമീറിന്റെ ( 35 )മൃതദേഹം ജുബൈല്‍ വര്‍ക്ക് ഷോപ്പ് ഏരിയയില്‍ റോഡരികില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണപ്പെട്ടത്.

 

സമീര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദിയില്‍ എത്തിയിട്ട്. ഇയാള്‍ മൊബൈല്‍ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ നിതാഖാത്ത് കാരണം അവിടെനിന്ന് ജോലി നിര്‍ത്തിയിരുന്നു. ഇദ്ദേഹത്തെ സ്‌പോണ്‍സര്‍ ഹുറൂബാക്കിയിരുന്നു(സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോട്ടക്കാരനായി പ്രഖ്യാപിക്കുക).

 

റമദാന്‍ 28 ന് ജുബൈലില്‍ നിന്നും അജ്ഞാതസംഘം സമീറിനെയും കോഴിക്കോട് സ്വദേശി ഫവാസിനെയും തട്ടികൊണ്ട് പോയിരുന്നു. സൗദിയില്‍ പുതിയതായി എത്തിയ തനിക്ക് ഭാഷ വശമില്ലാത്തതിനാല്‍ ക്രൂരമായ മര്‍ദനത്തിന് ശേഷം തന്നെ വഴിയില്‍ തളളിയിട്ടതായി ഫവാസ് സുഹൃത്തുക്കളോട് പറഞ്ഞു. സമീറിനെയും ഇവര്‍ ക്രൂരമായി മര്‍ദിച്ചു.അതിന്റെ പിറ്റേ ദിവസമാണ് മൃതദേഹം ജുബൈലില്‍ റോഡരുകില്‍ കണ്ടത്

 

അനധികൃത പണമിടപാട് കേന്ദ്രങ്ങളും മദ്യ വാറ്റ് കേന്ദ്രങ്ങള്‍ കൊള്ളയടിക്കുന്ന സ്വദേശി പൗരന്മാരും അവരുടെ വിദേശികളായ ഏജന്റന്മാരും അടങ്ങുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യവാറ്റു നടത്തിപ്പുകാരന്‍ എന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെ ഇവര്‍ തട്ടികൊണ്ട് പോയത്. പണം എവിടെയാണ് വെച്ചിരിക്കുന്നതെന്നും ,ഇത് കൊള്ളയടിക്കുന്നതിനും വേണ്ടി ഇവര്‍ നടത്തിയ കടുത്ത മര്‍ദനത്തിലാണ് സമീര്‍ കൊല്ലപ്പെട്ടത്. മരിച്ചിട്ടില്ലെന്ന് കരുതിയാണ് റോഡില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

 

ജുബൈല്‍ പൊലീസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസര്‍ അല്‍ മുതൈരി, രഹസ്യന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുള്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംസി എന്നിവര്‍ കഴിഞ്ഞ 18 ദിവസത്തെ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. സമീറിന്റെ മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് സമീര്‍. ആയിഷയാണ് ഭാര്യ മുഹമ്മദ് സിനാന്‍, സന ഫാത്തിമ്മ എന്നിവര്‍ മക്കളാണ്.

No comments yet... Be the first to leave a reply!

Leave a Reply