sushamaന്യൂഡല്‍ഹി: സൗദിയിലും കുവൈറ്റിലുമായി പട്ടിണിയിലായ പ്രവാസി ഇന്ത്യാക്കാരെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രാലയം ആളെ അയയ്ക്കുന്നു. 800 ലധികം വരുന്ന ഇന്ത്യാക്കാരെ തേടി വിദേശകാര്യ സഹമന്ത്രിമാരായ വികെ സിംഗിനെയും എംജെ അക്ബറിനെയുമാണ് ഇന്ത്യ അയയ്ക്കുന്നത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ പട്ടിണിയിലായിരുന്നു. ഇവര്‍ക്ക് അടിയന്തിരമായി ഭക്ഷണം എത്തിക്കാന്‍ റിയദിലെയും ജിദ്ദയിലെയും എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം കിട്ടാതെ ഒരു ഇന്ത്യാക്കാരന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളമോ ഭക്ഷണമോ ഇല്ലാതെ തൊഴില്‍ ദാതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടു ദുരിതത്തിലായ തൊഴിലാളികളാണ് വിദേശത്ത് വലഞ്ഞത്.

ദുരിതപര്‍വ്വത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ തങ്ങളുടെ വിവരം വീഡിയോ ട്വീറ്റിലൂടെ സുഷമാ സ്വരാജിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിന് തൊട്ടുപിന്നാലെ ജിദ്ദയിലെ തൊഴിലാളികളുടെ ഷുമൈസി ക്യാമ്പിലേക്ക് ഭക്ഷണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആളെ അയച്ചു. ഇന്ത്യാക്കാര്‍ ജോലി ചെയ്തിരുന്ന കമ്പനി മാസങ്ങള്‍ക്ക് മുമ്പ് അടച്ചതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. കുറച്ച് ശമ്പളം നല്‍കി ജോലിക്കാരെ ക്യാമ്പിലേക്ക് വിട്ട കമ്പനി ഉടമകളായ ലബനന്‍കാര്‍ കഴിയാന്‍ ശമ്പളമോ മറ്റ് സാഹചര്യങ്ങളോ ഒരുക്കാതെ മുങ്ങി.

ഏകദേശം 800 ലധികം പേരാണ് ക്യാമ്പില്‍ തടവ്പുള്ളികളെ പോലെ നരകയാതന അനുഭവിച്ചത്. മറ്റ് ക്യാമ്പുകളിലുമായി മൊത്തം 30000 ഇന്ത്യാക്കാരെങ്കിലും ഉണ്ടാകും എന്നാണ് വിവരം. വരുന്ന ആഴ്ചകളിലായി ഇവരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ആഗസ്റ്റ് 5 മുതല്‍ തുടങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടന വിമാനങ്ങള്‍ ഉപയോഗിച്ച് ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

No comments yet... Be the first to leave a reply!

Leave a Reply