മസ്കത്ത്: ശരിയായ വിസ പോലും നല്‍കാത്തതിനാല്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ തൊഴില്‍വകുപ്പ് പരിശോധന നടത്തുമ്പോള്‍ അധ്യാപകര്‍ക്ക് ക്ളാസ്മുറികളില്‍ നിന്ന് ഒളിച്ചോടേണ്ട ഗതികേടാണെന്ന് ആക്ഷേപം. ഇന്ത്യന്‍ സ്കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിങ് സംഘടിപ്പിച്ച സെമിനാറാണ് ഇത്തരം പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.


അശാസ്ത്രീയമായ അധ്യാപക നിയമനവും ഉത്തരവാദിത്തമില്ലാത്ത സ്കൂള്‍ ബസ് സംവിധാനവുമാണ് ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സെമിനാറില്‍ രക്ഷിതാക്കള്‍ പറഞ്ഞു. കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നരാണ് ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍. ഇത് അധ്യാപകരുടെ നിലവാരവും വിദ്യാര്‍ഥികളുടെ നിലവാരവും ഒരുപോലെ തകര്‍ക്കുകയാണ്. സി.ബി.എസ്.ഇ സ്കൂളുകളാണെങ്കിലും ഹൈസ്കൂള്‍ തലം വരെ ഏകീകൃത പാഠപുസ്തകം പോലും ഇന്ത്യന്‍ സ്കൂളുകള്‍ക്കില്ലെന്ന് സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച സൊഹാര്‍ യൂനിവേഴ്സിറ്റി അധ്യാപകന്‍ റോയ് പുഷ്പകവിലാസം ചൂണ്ടിക്കാട്ടി.

ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും രക്ഷിതാക്കള്‍ക്ക് പരാതി ഉന്നയിക്കാനുള്ള വേദി എന്ന നിലയില്‍ തുടര്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും അധ്യക്ഷത വഹിച്ച വില്‍സന്‍ ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹിക ക്ഷേമവിഭാഗം കണ്‍വീനര്‍ പി.എം. ജാബിര്‍, കണ്‍വീനര്‍ റെജിലാല്‍, സന്തോഷ് കുമാര്‍ എന്നിവരും സെമിനാറില്‍ സംബന്ധിച്ചു.

 

 

No comments yet... Be the first to leave a reply!

Leave a Reply