മനാമ: നാഷനല്‍ ഓഡിറ്റ് ഓഫീസ് റിപ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക, ഭരണപരമായ അതിക്രമങ്ങള്‍ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കും. കിരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. സൂക്ഷ്മ പരിശോധന നടത്താനും റിപ്പോര്‍ട്ടിലെ അഭിപ്രായങ്ങള്‍ പഠിക്കാനുമായി പ്രവര്‍ത്തക സമിതിയെ നിയോഗിച്ചു. ഉപപ്രധാനമന്ത്രിമാരും മന്ത്രിതല സമിതികളുടെ മേധാവികളും ചേര്‍ന്നതാണ് എക്സിക്യുട്ടീവ് കമ്മിറ്റി.


സുസ്ഥിര വികസനവും പരിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യതയും ഉത്തരവാദിത്തവും നടപ്പാക്കേണ്ടതുണ്ടെന്ന് കിരീടവകാശി ചൂണ്ടിക്കാട്ടി. സാമ്പത്തിക, ഭരണപരമായ നിയമ ലംഘനങ്ങളെപറ്റി നിയമ സംബന്ധമായ അഭിപ്രായം ലഭ്യമാക്കുന്നതിനായി അദ്ദേഹം ഉപപ്രധാനമന്ത്രി ജവാദ് അല്‍ അറായിദിനെ ചുമതലപ്പെടുത്തി.
സൂക്ഷ്മ പരിശോധനക്കുള്ള പ്രവര്‍ത്തക സമിതിയില്‍ ഒന്നാം ഉപപ്രധാനമന്ത്രിയുടെ ഓഫീസ്, നിയമ കാര്യങ്ങള്‍ക്കായുള്ള ഉപപ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷന്‍, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവയും ഉള്‍പ്പെടും. മറ്റു യോഗ്യരായ അധികാരികളെ ആവശ്യമായിവരുമ്പോള്‍ ഉള്‍പ്പെടുത്തും. പുനരവലോകനം നടത്താനും ഓഡിറ്റിങ്ങ് നയങ്ങള്‍ നിര്‍ദേശിക്കാനുമായി മന്ത്രിതല സമിതികളെയും ചുമതലപ്പെടുത്തി.
ധനമന്ത്രാലയത്തിനു കീഴില്‍ ഇന്‍േറണല്‍ ഓഡിറ്റിങ്ങ് യൂനിറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്‍കി. ഇതു നടപ്പാക്കുന്നതിനായി ഉപപ്രധാനമന്ത്രിയും സിവില്‍ സര്‍വീസ് ബ്യൂറോ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫക്ക് കൈമാറിയിട്ടുണ്ട്.

 

 

No comments yet... Be the first to leave a reply!

Leave a Reply