മനാമ: മലയാളിയെ മര്‍ദിച്ച് 12800 ദിനാര്‍ തട്ടിയെടുത്തതായി പരാതി. വടകര സ്വദേശി അഷ്റഫ് മാക്കനാരിയെ മര്‍ദിച്ചാണ് രണ്ടുപേര്‍ പണവുമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോളിങ് കാര്‍ഡിന്‍െറ ഏജന്‍സി നടത്തുന്ന അഷറഫ് മനാമ ബസ് സ്റ്റാന്‍റിന് സമീപത്താണ് താമസം.

ന്നാം നിലയിലുള്ള റൂമില്‍ നിന്ന് താഴേക്ക് ഇറങ്ങി മറ്റൊരാളില്‍ നിന്ന് കലക്ഷന്‍ പണമായ 12800 ദിനാര്‍ ഏറ്റു വാങ്ങി കോണിപ്പടികള്‍ കയറുമ്പോള്‍ എതിരെ വന്ന രണ്ടുപേര്‍ അഷ്റഫിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പണമടങ്ങുന്ന പ്ളാസ്റ്റിക് കവര്‍ തട്ടിപ്പറിച്ച് അജ്ഞാതര്‍ പുറത്തേക്ക് ഓടി. മറ്റൊരാള്‍ ഓടിച്ചുവന്ന പജീറൊ ജീപ്പില്‍ കയറി രക്ഷപ്പെട്ട ഇവരെ നഈം പൊലീസ് സ്റ്റേഷന് സമീപം വരെ അഷ്റഫ് പിന്തുടര്‍ന്നെങ്കിലും സിഗ്നല്‍ കഴിഞ്ഞതോടെ ജീപ്പ് എവിടേക്കാണ് പോയതെന്നറിയാതെ അഷ്റഫ് തിരിച്ചുപോന്നു. പിന്നീട് നഈം പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന കവര്‍ച്ചാ സംഘം മലയാളികളാണെന്ന് അഷ്റഫ് പറഞ്ഞു. കോളിങ് കാര്‍ഡിന്‍െറ ബിസിനസായതിനാല്‍ ഇടക്ക് കലക്ഷന്‍ പണം ഏറ്റു വാങ്ങുന്നതും റൂമിലേക്കും ബാങ്കിലേക്കും കൊണ്ടുപോകുന്നതും നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് മനസ്സിലാകുന്നത്. അഷ്റഫ് പണം ഏറ്റുവാങ്ങുന്നത് കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ചാ സംഘം ഇറങ്ങിവന്നതെന്ന് വ്യക്തമാണ്. മനാമയില്‍ കുറച്ചുമുമ്പ് സൗദിയില്‍ നിന്ന് ലക്ഷം ദിനാര്‍ തട്ടിപ്പറിച്ച സംഭവവുമുണ്ടായിരുന്നു. ഹുണ്ടി പണമായിരുന്നതിനാല്‍ ഇയാള്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. ഈ സംഭവത്തിന് പിന്നിലും മലയാളികള്‍ തന്നെയായിരുന്നുവെന്ന് മനാമയിലെ വ്യപാരികള്‍ പറഞ്ഞു.
മനാമയില്‍ തന്നെ പണം തട്ടിപ്പറിച്ച മറ്റൊരു കേസിലെ പ്രതികള്‍ക്കെതിരെ നാട്ടില്‍ കേസ് കൊടുത്തതിന്‍െറ ഫലമായി അവിടെ പൊലീസ് പിടികൂടിയ സംഭവവും കുറച്ചുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാസര്‍കോട് ജില്ലക്കാരായ ചിലര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

 

No comments yet... Be the first to leave a reply!

Leave a Reply