എമിറേറ്റില്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തുവിട്ടു. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് കമ്പനികള്‍ മതിയായ അനുമതി നേടിയിരിക്കണമെന്നും 2016 ജൂണിനകം എമിറേറ്റിലെ മുഴുവന്‍ നിവാസികളും പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി.

റാഷിദ് മെഡിക്കല്‍ ലൈബ്രറിയില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഈസ്സ ആല്‍ മൈദൂര്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചത്. പദ്ധതിപ്രകാരം അതത് കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം. ജീവനക്കാര്‍ അവരവരുടെ ആശ്രിതര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കണം. 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ ഘട്ടംഘട്ടമായാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.

ചൊവ്വാഴ്ച ഹെല്‍ത്ത് അതോറിറ്റി നടത്തിയ പ്രഖ്യാപനപ്രകാരം ആയിരത്തിനും അതിന് മുകളിലും ജീവനക്കാരുള്ള കമ്പനികള്‍ 2014 പൂര്‍ത്തിയാകുന്നതിന് മുമ്പ് മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കണം. 100 മുതല്‍ 999 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ക്ക് 2015 ജൂലായ് വരെ സമയമുണ്ട്. നൂറില്‍ത്താഴെ ജീവനക്കാരുള്ള കമ്പനികള്‍ 2016 ജൂണ്‍ മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാല്‍ മതി. വിസ ഉടമകള്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ട അവസാനതീയതിയും 2016 ജൂണ്‍ ആണ്. ഈയൊരു കാലയളവിനുള്ളില്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്നും ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.
dubai
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പോളിസികള്‍ നല്‍കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചും ഹെല്‍ത്ത് അതോറിറ്റി വിശദീകരിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന നടപടി ജനവരിയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് അനുമതി ലഭിച്ച കമ്പനികളുടെ പട്ടിക പുറത്തുവിടും. 4,000 ദിര്‍ഹമിനുതാഴെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പാക്കേജ് ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേകം അനുമതി തേടേണ്ടതുണ്ട്. പ്രസവം, സര്‍ജറി, ജനറല്‍ മെഡിസിന്‍ തുടങ്ങിയവ അടക്കമുള്ള പാക്കേജാണ് കുറഞ്ഞവരുമാനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. നിലവില്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍തന്നെ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാവുന്നതാണ്.

എമിറേറ്റിലെ ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യമേഖലയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കും പദ്ധതി കാരണമാകുമെന്ന് ഈസ്സ ആല്‍ മൈദൂര്‍ ചൂണ്ടിക്കാട്ടി. പദ്ധതിമൂലം കമ്പനികള്‍ക്കും നഷ്ടം സംഭവിക്കില്ല. ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒന്നരശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടയേ്ക്കണ്ടിവരുന്നുള്ളൂ. 4,000 ദിര്‍ഹം ശമ്പളമുള്ള ജീവനക്കാരനുവേണ്ടി പരമാവധി 700 ദിര്‍ഹമേ വര്‍ഷം അടയേ്ക്കണ്ടതുള്ളൂഅദ്ദേഹം പറഞ്ഞു. ഏറെനാളത്തെ പഠനത്തിനും അന്വേഷണത്തിനും ശേഷമാണ് ദുബായില്‍ പദ്ധതി നടപ്പില്‍ വരുത്തുന്നതെന്നും ഈസ്സ ആല്‍ മൈദൂര്‍ വ്യക്തമാക്കി.

No comments yet... Be the first to leave a reply!

Leave a Reply