വളര്‍ത്തുമൃഗങ്ങളെ സ്വീകരിക്കാന്‍ ദുബായില്‍ ഹോട്ടല്‍ ഒരുങ്ങുന്നു. അല്‍ വാര്‍സ മൂന്നില്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന വളര്‍ത്തുമൃഗ, പക്ഷി മാര്‍ക്കറ്റിന്റെ ഭാഗമാണ് ഈ ആഢംബര ഹോട്ടല്‍. ഇവയ്ക്ക് മൃഷ്ടാന്ന ഭോജനവും കുളിയും അടക്കമുള്ള സുഖജീവിതം വാഗ്ദാനം ചെയ്യുന്ന ഹോട്ടല്‍ ഒരുക്കുന്നത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 5.41 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന വളര്‍ത്തുമൃഗ, പക്ഷി മാര്‍ക്കറ്റ് 2014 മാര്‍ച്ചില്‍ തുറക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത അറിയിച്ചു.

ഉടമസ്ഥര്‍ അവധിക്ക് പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ പരിരക്ഷിക്കാന്‍ ഒരിടം എന്ന നിലയിലാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു ഹോട്ടലിനായി തയ്യാറായത്.  ഉടമസ്ഥന്‍ തിരിച്ചെത്തുന്നതുവരെ അതിഥിയായെത്തിയ അന്തേവാസിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഹോട്ടലിനായിരിക്കും. അവരുടെ ഭക്ഷണവും കുളിയും ഉറക്കവും മരുന്നും എല്ലാം ചിട്ടയായിത്തന്നെ നടക്കും. എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ഹോട്ടലില്‍ മൃഗങ്ങള്‍ക്കായി ഡ്രസ്സിങ്, ഗ്രൂമിങ് മുറികള്‍, തെറാപ്പി സെഷനുകള്‍, ലോണ്‍നഡ്രി സര്‍വീസ്, കളിക്കളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കും.
hotel
അതിഥികളെ നിയന്ത്രിക്കുന്നതിനായി സൂപ്പര്‍വൈസര്‍മാരും ആരോഗ്യ പരിശോധനയ്ക്കായി മൃഗഡോക്ടര്‍മാരും രംഗത്തുണ്ടാകും. മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ അവയുടെ വിശേഷങ്ങള്‍ അറിയാനും കാണാനും സാധിക്കും. 832 ചതുരശ്രമീറ്ററിലാണ് ഈ ഹോട്ടല്‍ പണിയുന്നത്. പ്രധാനമായും വളര്‍ത്തുനായകളെ ഉദ്ദേശിച്ചാണ് ഹോട്ടല്‍ പണിയുന്നതെന്ന് അസറ്റ്‌സ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഖലീഫ ഹാരിബ് വ്യക്തമാക്കി. 50 നായകളെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന 30 മുറികള്‍ ഹോട്ടലിലുണ്ട്.

No comments yet... Be the first to leave a reply!

Leave a Reply